Monday, April 25, 2022

കണ്ണാന്തുമ്പീ പോരാമോ ?

1988 ല്‍ ഇറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ പ്രസിദ്ധമായ പാട്ടിന്റെ വരികളാണ് ഈ പോസ്റ്റില്‍. ഇതിവിടെ പോസ്റ്റാന്‍ ഒരു കാരണവുമുണ്ട്.
ഓണ്‍ലൈനില്‍ ലഭ്യമായ എല്ലാ സോഴ്സുകളിലും ഈ പാട്ടില്‍ തെറ്റുകള്‍ കാണുന്നു.


കണ്ണാം തുമ്പീ പോരാമോ? എന്നോടിഷ്ടം കൂടാമോ..
നിന്നെക്കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം..
കളിയാടാമീ കിളിമരത്തണലോരം…

വെള്ളാംകല്ലിന്‍ ചില്ലുങ്കൂടൊന്നുണ്ടാക്കാം
ഉള്ളിന്നുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ.... വാവേ വാവാച്ചി...

കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാലതീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരിമുത്തല്ലേ... എന്റെ ചിത്തിരക്കുഞ്ഞല്ലേ...…
(കണ്ണാം തുമ്പീ..…
തിത്തൈ തിത്തൈ നൃത്തംവയ്ക്കും പൂന്തെന്നല്‍
മുത്തംവയ്ക്കാനെത്തുന്നുണ്ടീത്തല്ലത്തില്‍
എന്തേ തുള്ളാത്തൂ.. വാവേ വാവാച്ചി....

തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
കുഞ്ഞിളംകാറ്റിന്റെ കൂട്ടുകാരീ..
മിന്നിത്തിളങ്ങുമെന്‍ പൊന്നിന്‍കിനാക്കള്‍ക്ക്
നിന്നെയാണോമനേ ഏറെയിഷ്ടം…
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ…

(കണ്ണാം തുമ്പീ..…
(മുത്തംവയ്ക്കാനെത്തുന്നുണ്ടീ പല്ലക്കില്‍ എന്ന് പലരും എഴുതി/പാടി കാണുന്നു. ചിത്ര പാടിയതു ശ്രദ്ധിച്ചുകേട്ടാല്‍ തല്ലത്തില്‍ എന്നാണ് പറയുന്നതെന്നു മനസ്സിലാകും. തല്ലം എന്ന പദത്തിന് ചെറിയ കുളം, ചിറ എന്നൊക്കെയാണ് അര്‍ത്ഥം എന്ന് ബെഞ്ചമിന്‍ ബെയ്ലിയുടെ a dictionary of high and coloqual malayalam and english എന്ന നിഘണ്ടു പറയുന്നു.)

തിരുത്തുകള്‍ ഇനിയുമുണ്ടെങ്കില്‍ തിരുത്താവുന്നതാണ്.